Tuesday, December 24, 2013

ക്രിസ്മസ് കാഴ്ച്ചകള്‍ വിസ്മയങ്ങളാക്കി സി.വൈ.എം.എ




മഠത്തിന്‍പടിയില്‍നിന്ന് കിഴക്കോട്ട് പോകുന്പോള്‍ കാഞ്ഞിരത്തിന്‍റെ അടുത്ത് എത്തുന്നതിനു മുമ്പ് കാണാം ലേസര്‍ വര്‍ണ്ണ വെളിച്ചത്തില്‍ കുളിച്ച നമ്മടെ പള്ളിയുടെ മുഖവാരം. മുഖവാരത്തിന്‍റെ നടുക്കായി വടക്കന്‍ ദിക്കിലേക്ക് പറക്കാന്‍ വെമ്പുന്നതുപോലെയുള്ള ഇളം നീല നിറത്തിലുള്ള നക്ഷത്രം. പള്ളിയുടെ അകത്തു കയറിയാലോ? ഐസുപാളികളില്‍ പുതഞ്ഞു കിടക്കുന്ന ഭൂമിയും കുന്നുകളും മഞ്ഞുപുതച്ച ആകാശവും. അതിനു നടുവില്‍ ഐസുമൂടിയ കുഞ്ഞു കൂടാരത്തിനുള്ളില്‍ ഉണ്ണിയേശുവും മാതാവും യൗസേപ്പിതാവും. പുറത്ത് ജ്ഞാനികളും ആട്ടിടയരും മൃഗങ്ങളും മറ്റും. 

പാതിരാക്കുര്‍ബാനയ്ക്കെത്തിയവര്‍, പ്രായവ്യത്യാസമില്ലാതെ ഇതൊക്കെ കണ്ട്  വിസ്മയത്തോടെ നിന്നപ്പോള്‍ കുറെ ദിവസങ്ങളായി ഊണും ഉറക്കവും കളഞ്ഞഞ്ഞ് നടത്തിയ അധ്വാനത്തിന് ഫലമുണ്ടായതിന്‍റെ ആഹ്ലാദത്തിലായിരുന്നു ‍ഞങ്ങള്‍ സി.വൈ.എം.എ അംഗങ്ങള്‍. വര്‍ഷങ്ങള്‍ പിന്നിട്ട പാരന്പര്യത്തിന്‍റെ തിളക്കം വര്‍ധിപ്പിക്കാന്‍ വീണ്ടും ഉണ്ണിയേശുവിന്‍റെ കൃപാകടാക്ഷം.



നാട്ടില്‍ ഇല്ലാത്തവരെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു നഷ്ടമാണ്. നിങ്ങളുടെ ഭാവന എത്ര സഞ്ചരിച്ചാലും  യഥാര്‍ത്ഥ കാഴ്ച്ചകള്‍ക്കൊപ്പം എത്തില്ലല്ലോ. ഏതായാലും നിങ്ങള്‍ക്കുവേണ്ടി കുറച്ച് പടങ്ങള്‍ ഇടുന്നു.


Tuesday, December 3, 2013

ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു സായാഹ്നം; താരങ്ങളായി ജിജനും അയ്യപ്പദാസും





ഡിസംബറിന്‍റെ വരവറിയിച്ച് യഹൂദിയായിലെ ഒരു ഗ്രാമത്തില്‍.. എന്ന പാട്ടോടെയായിരുന്നു തുടക്കം. തുടര്‍ന്ന് 'വേലായുധം' എന്ന വിജയ് ചിത്രത്തിലെ ശൊന്നാ പുരിയാത്.. എന്ന പാട്ട് വരാനിരിക്കുന്ന ആഘോഷത്തിന്‍റെ ടെസ്റ്റ് ഡോസായി. 'ഹിസ് ഹൈനസ് അബ്ദുള്ളയിലെ തു ബഡി മാഷാ..യില്‍ ആസ്വാദകര്‍ ലയിക്കുന്നതാണ് പിന്നീട് കണ്ടത്. അയാം എ ഡിസ്‌കോ ഡാന്‍സര്‍ മുഴങ്ങിയതോടെ ഒരുവശത്ത് ചെറുപ്പക്കാര്‍ ആവേശച്ചുവടുവച്ചു.   അവരുടെ ആവേശം വാനോളമുയര്‍ത്തിയ കലാഭവന്‍മണിയുടെ ഗാനങ്ങളടങ്ങിയ ചെയിന്‍ സോംഗിലായിരുന്നു കൊട്ടിക്കലാശം.

നെടുംകുന്നം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളിയിലെ കൊടിയിറക്ക് തിരുന്നാളിനോനുബന്ധിച്ച് പള്ളി ഓഡിറ്റോറിയത്തില്‍ സി.വൈ.എം.എ അവതരിപ്പിച്ച ഗാനമേളയാണ് സദസ്സിന് വേറിട്ട വിരുന്നായത്. സംഗീത രംഗത്ത് നെടുംകുന്നത്തിന്‍റെ അഭിമാനതാരങ്ങളിലൊരാളായ ജിജന്‍ ജെ. നെച്ചികാട്ടും (ജെറ്റോ) നിരവധി ഗാനമേള ട്രൂപ്പുകളില്‍ സജീവ സാന്നിധ്യമായ അയ്യപ്പദാസുമാണ് ഗാനങ്ങള്‍ ആലപിച്ചത്. ഇപ്പോള്‍ ഗുഡ്‌ന്യൂസ് ടെലിവിഷന്‍ ചാനലിലെ റിയാലിറ്റി ഷോയിലെ താരങ്ങളിലൊരാളായ ജിജന്‍ യഹൂദിയായിലെ എന്ന ഗാനവും തു ബഡി മാഷാ അള്ളായുമാണ് ആലപിച്ചത്. സദസ്സിനെ ത്രസിപ്പിച്ച ഫാസ്റ്റ് നമ്പരുകള്‍ അയ്യപ്പദാസിന്റെ വകയായിരുന്നു.

പാട്ടുകള്‍ കേട്ട് ഗായകരുടെ മികവ് തിരിച്ചറിഞ്ഞവരും മൈതാനത്തുനിന്ന് ഓഡിറ്റോയിത്തിലേക്കൊഴുകിയെത്തി. കൊച്ചുകുട്ടികള്‍വരെ കയ്യടിയും നൃത്തച്ചുവടുകളുമായി ഗാനമേള ആഘോഷമാക്കിമാറ്റി.


കൊടിയിറക്ക് തിരുന്നാളിനോടനുബന്ധിച്ച് ഇടവകയിലെ വിവിധ സംഘടനകള്‍ അവതരിപ്പിച്ച കലാപരിപാടികളാണ് അരങ്ങേറിയത്. സി.വൈ.എം.എയുടെ ഗാനമേളയ്ക്കുപുറമെ മാതൃജ്യോതിസ്-പിതൃവേദി അവതരിപ്പിച്ച നാടകവും വേറിട്ടുനിന്നു. മാത്തുക്കുട്ടി ചേന്നാത്ത്, ടോമി ചെറിയാന്‍ വടക്കുംമുറിയില്‍, ആന്‍സി ചേന്നോത്ത്, സോജന്‍ പുതുപ്പറമ്പില്‍, ഡെയ്‌സി പുതുപ്പറന്പില്‍, ജോണ്‍സി കാട്ടൂര്‍, ടെസി, കൊച്ചുമോള്‍ തുടങ്ങിയവരായിരുന്നു വേദിയില്‍

സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും മറ്റ് സംഘടനാംഗങ്ങളുടെയും വിവിധ കലാപരിപാടികളും ഇതോടനുബന്ധിച്ച് നടന്നു.

Thursday, November 14, 2013

ടൂര്‍ണ്ണമെന്‍റ് 2013-ഫോട്ടോ ഗാലറി

നെടുംകുന്നം സി.വൈ.എം.എ അഖിലകേരളാ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണ്ണമെന്‍റിന്‍റെ ഫോട്ടോ ഫീച്ചര്‍ കാണുന്നതിന്
ഇവിടെ ക്ലിക്ക് ചെയ്യുക